‘മഞ്ഞുമ്മല്‍ ബോയ്സ്’ തട്ടിപ്പുകേസ്: നടൻ സൗബിന് ഷാഹിര്‍ അറസ്റ്റില്‍; സ്റ്റേഷന് ജാമ്യത്തിൽ വിട്ടു
കൊച്ചി: സൂപ്പര്‍ഹിറ്റ് സിനിമയായ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും സഹനിര്‍മാതാവുമായ സൗബിന് ഷാഹിറിനെ മരട് പോലീസ് അറസ്റ്റുചെയ്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനോടൊപ്പം സൗബിന് നേരത്തെ മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും നാല് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. പ്രതികള്‍ പൊലീസ് വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഹൈക്കോടതി നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഉള്ളതായി പൊലീസ് കോടതിയെ അറിയിച്ചു. 200 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ ബോക്സോഫീസ് കളക്ഷന്‍. സിനിമയുടെ നിര്‍മാണവേളയില്‍ സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.